സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പലിനെ കൂടി ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു.
ഏദൻ ഉൾക്കടലിൽ വച്ച് കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ച സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ഉചിതമായ മറുപടി നൽകിക്കൊണ്ടാണ് അറബിക്കടലിൽ തങ്ങളുടെ ആധിപത്യം ഇന്ത്യ ഉറപ്പിച്ചത്. ഞായറാഴ്ച കപ്പലിൽ നിന്ന് അടിയന്തര കോൾ എത്തുകയും അതിനെത്തുടർന്ന് ഐഎൻഎസ് സുമിത്ര അടിയന്തിര നടപടികളുമായി രംഗത്തിറങ്ങകയുമായിരുന്നു. ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നയീമിയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ 11 കടൽക്കൊള്ളക്കാരാണ് യാത്രാമധ്യേ കപ്പൽ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻകാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിച്ചു. തുടർന്ന് ബന്ദികൾ ആരോഗ്യവാൻമാരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
36 മണിക്കൂറിന്റെ ഇടവേളയിൽ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്ന രണ്ടാമത്തെ വിദേശ കപ്പലാണിത്. ഇതിനു മുൻപ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി തീരത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെവച്ചാണ് കപ്പൽ തട്ടിയെടുത്തത്. കടൽക്കൊള്ളക്കാർ കപ്പലിനുള്ളിൽ കടന്ന് ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎൻഎസ് സുമിത്ര എന്ന യുദ്ധക്കപ്പലെത്തി ജീവനക്കാരെ മോചിപ്പിച്ചു. ജനുവരി 28-29 തീയതികളിൽ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഈ രണ്ടു ശ്രമങ്ങളും ഇന്ത്യൻ നാവികസേന കതർക്കുകയായിരുന്നു. അടുത്തിടെമൂന്ന് യുദ്ധക്കപ്പലുകളെയാണ് ഇന്ത്യൻ നാവികസേന ഏദൻ ഉൾക്കടലിലേക്ക് അയച്ചത്.