അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് കടൽക്കൊള്ളക്കാരായ അജ്ഞാതസംഘത്തിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ പതാകയുള്ള ‘എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിലെ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടൽക്കൊള്ളക്കാരുടെ റാഞ്ചൽ ശ്രമത്തിൽനിന്ന് മോചിപ്പിച്ച ഇന്ത്യൻ നാവികസേനയ്ക്കു നന്ദി പറയുന്ന ജീവനക്കാർ, ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. കപ്പലിലെ ജീവനക്കാരായ 15 ഇന്ത്യക്കാരടക്കം 21 പേരെ മാർകോസ് (മറീൻ കമാൻഡോസ്) സുരക്ഷിതരാക്കിയിരുന്നു. കപ്പൽ അറ്റകുറ്റപ്പണി നടത്തിയശേഷം ബഹ്‌റൈൻ തീരത്തേക്ക് യാത്ര തുടരുകയാണ്. ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം ഇന്ത്യൻ നാവികസേന കമാൻഡോ നീക്കത്തിലൂടെയാണ് പരാജയപ്പെടുത്തിയത്.
‘എംവി ലില നോർഫോക്’ കപ്പലിൽ ആയുധധാരികളായ അഞ്ചോ ആറോ പേർ കടന്നുകയറിയെന്ന സന്ദേശം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് (യുകെഎംടിഒ) ലഭിച്ചത്. ബ്രസീലിൽ നിന്നു ബഹ്‌റൈനിലേക്കു പോവുകയായിരുന്ന ‘എം.വി. ലില നോര്‍ഫോക്’ എന്ന ലൈബീരിയന്‍ കപ്പൽ, വ്യാഴാഴ്ച രാത്രി സൊമാലിയയുടെ കിഴക്കൻ തീരത്തുനിന്ന് 460 നോട്ടിക്കൽ മൈൽ ദൂരെ സൊമാലിയയിലെ ഹഫൂനിന് കിഴക്കുഭാഗത്തുെവച്ച് അജ്ഞാതസംഘം റാഞ്ചിയത്. ആയുധധാരികളായ ആറംഗസംഘം കപ്പലിലേക്ക് ഇരച്ചുകയറി. ഉടന്‍തന്നെ ജീവനക്കാര്‍ ബ്രിട്ടീഷ് സൈനികസംഘടനയായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ.) പോര്‍ട്ടലിലൂടെ അപായസന്ദേശം പങ്കുവെച്ചു. തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് കപ്പലിലെ സ്‌ട്രോങ് റൂമില്‍ ജീവനക്കാര്‍ അഭയം തേടിയെന്ന് നാവികസേന വക്താവ് കമാന്‍ഡര്‍ മെഹുല്‍ കാര്‍നിക് അറിയിച്ചു.
ഇതോടെ കടലിൽ സ്ഥിരം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്നലെ വൈകുന്നേരം 3.15നാണ് ഐഎൻഎസ് ചെന്നൈ എംവി ലിലക്കു സമീപമെത്തിയത്. സേനയുടെ പി8ഐ വിമാനവും പ്രിഡേറ്റർ ഡ്രോണും തുടർച്ചയായി ആകാശനിരീക്ഷണം നടത്തി. കപ്പൽ വിടണമെന്നു കൊള്ളക്കാർക്ക് മുന്നറിയിപ്പ് നൽകി.തുടർന്ന് കമാൻഡോകൾ ചെറുബോട്ടിലെത്തി കപ്പലിലേക്ക് കയറി. കപ്പലിന്റെ ഓരോ തട്ടിലും വിശദപരിശോധന നടത്തി കൊള്ളക്കാർ ആരുമില്ലെന്ന് ഉറപ്പാക്കി. കടൽക്കൊള്ളക്കാർ വന്നാൽ അഭയം തേടാനുള്ള പ്രത്യേക അറയിൽ ഒളിച്ചിരുന്ന ജീവനക്കാരെ കമാൻഡോകൾ സുരക്ഷിതരാക്കി.
റാഞ്ചലിനുപിന്നില്‍ കടല്‍ക്കൊള്ളക്കാരാണോ ഹൂതികളാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങളില്ല. ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ നാവികസേന അറബിക്കടലില്‍ വിന്യസിച്ചിരുന്ന ഐ.എന്‍.എസ്. ചെന്നൈ എന്ന യുദ്ധക്കപ്പലാണ് ജീവനക്കാരെ രക്ഷിച്ചത്. വെള്ളിയാഴ്ച വൈകീട്ട് രക്ഷാദൗത്യവുമായി മര്‍കോസ് ഹെലികോപ്റ്ററില്‍ കപ്പലിലിറങ്ങി. നാവിക സേന ഇറങ്ങുംമുമ്പ് അക്രമികള്‍ കപ്പലുപേക്ഷിച്ചു മുങ്ങി. റാഞ്ചിയ ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പലിന് സമീപം മണിക്കൂറുകള്‍ക്കകം എത്തി രക്ഷാദൗത്യം സാഹസികമായി പൂര്‍ത്തിയാക്കി.
കപ്പലിലിരിക്കുന്ന ജീവനക്കാര്‍, ഭാരത് മാതാ കീ ജയ് വിളിക്കുന്നതും ഇന്ത്യന്‍ നാവികസേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നതും വീഡിയോയിലുണ്ട്. 24 മണിക്കൂറോളം തങ്ങള്‍ കുടുങ്ങിക്കിടന്നുവെന്നും നാവികസേനയെത്തി രക്ഷപ്പെടുത്തിയതോടെയാണ് ആശ്വാസമായതെന്നും സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.