പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിലും യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ. ഇതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡർ പി ഹരീഷാകും യു എൻ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുക. ഭീകരസംഘടനകളെ നിർണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യൻ സംഘം കാണും. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകൾ ഈ സംഘത്തിന് മുന്നിൽ സമർപ്പിക്കും. യു എൻ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടർ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം തെളിവുകൾ ബോധ്യപ്പെടുത്തും.
അതിനിടെ യു എൻ സെക്രട്ടറി ജനറലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംസാരിച്ചു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്‍റോണിയോ ഗുട്ടറസുമായി ഫോണിൽ സംസാരിച്ച ഷഹബാസ് ഷെരീഫ് ചില ഉറപ്പുകൾ നൽകിയതായാണ് വിവരം. ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ ധാരണ പാകിസ്ഥാൻ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകളാണ് ഗുട്ടറസിന് ഷഹബാസ് ഷെരീഫ് നൽകിയതെന്നാണ് വ്യക്തമാകുന്നത്.