2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ സേനാവൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള മിസൈൽ ആക്രമണമാണ് ജമ്മുവിലുണ്ടായത്. അതോടൊപ്പം ഡ്രോണ്‍ ആക്രമണവും ഉണ്ടായിരിന്നു. അതിനിടെയാണ് 2 പൈലറ്റുമാര്‍ കസ്റ്റഡിയിലായി എന്ന വിവരം പുറത്തുവരുന്നത്. ആദ്യം ഒരാള്‍ കസ്റ്റഡിയിലായി എന്ന വിവരമാണ് പുറത്ത് വന്നത്,
രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽ പാകിസ്ഥാൻ വ്യോമസേന (പിഎഎഫ്) പൈലറ്റിനെ ഇന്ത്യൻ സൈന്യം ജീവനോടെ പിടികൂടിയെന്ന് വിവരം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച രണ്ട് പാക് പോർവിമാനങ്ങൾ ഇന്ത്യ വെടിവച്ച് വീഴ്ത്തിയിരുന്നു. ഇതിലൊന്നിലെ പൈലറ്റാകാം ഇയാളെന്നാണ് കരുതുന്നത്. സംഭവത്തിൽ ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലുമായി തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേനകൾ നടത്തിയ അതിരൂക്ഷ ആക്രമണം ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. ഇന്ത്യൻ മണ്ണിൽ വീഴും മുൻപ് പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തു. ഇതിന് പിന്നാലെ പാകിസ്ഥാന് മേലെ ഇന്ത്യ അതിരൂക്ഷമായ ആക്രമണം തുടങ്ങിയെന്ന് വിവരമുണ്ട്. ഇസ്ലാമാബാദിലടക്കം ആക്രമണം നടത്തിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ജമ്മു കശ്മീരിൽ സമ്പൂർണ ബ്ലാക്ക്ഔട്ട് തുടരുകയാണ്. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഷെല്ലിങും വെടിവയ്പ്പും രൂക്ഷമാണ്. മറ്റ് സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലും ഉയർന്ന ജാഗ്രതയോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ജമ്മു വിമാനത്താവളത്തെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാൻ തൊടുത്തുവിട്ട ഒൻപത് മിസൈലുകളും അൻപതിലേറെ ഡ്രോണുകളും ഇന്ത്യ തകർത്തതായാണ് വിവരം.