ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെ പേരിൽ ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിൽ നിന്ന് ഇറാനെ പുറത്താക്കി. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും 29 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചതോടെ ഇറാൻ കമ്മീഷനിൽ നിന്ന് പുറത്തായി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് വിരുദ്ധമായ നയങ്ങളുടെ പേരിലാണ് ഇറാനെ ഐക്യരാഷ്ട്രസഭയുടെ വനിതാ ബോഡിയിൽ നിന്ന് നീക്കം ചെയ്‌തത്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഇടയിൽ യുവതിയുടെ കസ്‌റ്റഡി മരണം ഉണ്ടായതിന് ശേഷം രാജ്യത്തുണ്ടായ വമ്പിച്ച പ്രതിഷേധങ്ങൾ അടിച്ചമർത്തുന്ന രീതിക്കെതിരെ അമേരിക്കയാണ് പ്രമേയം കൊണ്ട് വന്നത്. ഇറാനെ 2022-26 വർഷങ്ങളിലെ ശേഷിക്കുന്ന കാലയളവിൽ വനിതാ കമ്മീഷനിൽ നിന്ന് ഒഴിവാക്കാനാണ് 54 അംഗ യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (ഇസിഒഎസ്ഒസി) തീരുമാനം എടുത്തത്. ഇറാനെ നീക്കം ചെയ്യുന്നത് ശരിയായ കാര്യമാണെന്നും, സംഘടനയിലെ ടെഹ്‌റാന്റെ അംഗത്വത്തെ “കമ്മീഷന്റെ വിശ്വാസ്യതയിൽ ഏറ്റ കളങ്കം” എന്നും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് വോട്ടെടുപ്പിന് മുമ്പ് ഇസിഒഎസ്ഒസിൽ പറഞ്ഞു.