സെമിഫൈനലിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യൻമാരായ ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ കടന്നു. 5-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 79-ാം മിനിറ്റിൽ പകരക്കാരൻ റൻഡാൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്റെ സ്കോറർമാർ. ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും.
മൊറോക്കോയുടെ പ്രതിരോധക്കോട്ട തകർത്ത് ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച കിലിയൻ എംബപെയാണ് മൊറോക്കോയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. 2 ഗോളിനും കാരണമായത് എംബപെയുടെ മികവ്. മത്സരത്തിൽ മൂന്ന് ഷോട്ടുകളാണ് എംബപെ അടിച്ചത്. രണ്ട് ഗോളവസരങ്ങളും സൃഷ്ടിച്ചു. 7 തവണ എംബപെ എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ചു. ആദ്യ പകുതിയിൽ ഇടതു വിങ്ങറായി കളിച്ച എംബപെ രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കറുടെ റോളിലേക്ക് മാറി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കുന്ന മൊറോക്കന്‍ ടീമിനെയാണ് കാണാനായത്. വലത് വിംഗില്‍ നിരന്തരം അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ മൊറോക്കന്‍ താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. ഫ്രാന്‍സിനെതിരെ പൊരിഞ്ഞ പോരാട്ടം തന്നെയാണ് മൊറോക്കോ നടത്തിയത്. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനൽറ്റി ബോക്സിലെത്തിയപ്പോഴെല്ലാം കാലിടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്.