ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍മാര്‍ വന്നതോടെയാണ് ഇന്ത്യന്‍ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നത്. വില്‍ യങ് 15 റണ്‍സും രചിന്‍ രവീന്ദ്ര 37 റണ്‍സുമെടുത്ത് പുറത്തായി. 11 റണ്‍സായിരുന്നു കെയ്ന്‍ വില്യംസണിന്റെ സംഭാവന.
നാലാമനായി ക്രീസിലെത്തി 101 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകളുടെ സഹായത്തോടെ 63 റണ്‍സെടുത്ത ഡാരല്‍ മിച്ചലാണ് ന്യൂസിലാന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. 40 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 53 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ 250 കടത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് 34 റണ്‍സും സംഭാവന ചെയ്തു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കം നല്‍കി. 83 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും സഹിതം രോഹിത് 76 റണ്‍സെടുത്തു. 50 പന്തില്‍ ഒരു സിക്‌സര്‍ മാത്രം നേടിയ ശുഭ്മന്‍ ഗില്‍ 31 റണ്‍സും നേടി. ആദ്യ വിക്കറ്റില്‍ ഇരുവരും 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിരാട് കോഹ്‌ലി ഒരു റണ്‍സെടുത്ത് മടങ്ങി. ശ്രേയസ് അയ്യര്‍ 48 റണ്‍സെടുത്ത് നിര്‍ണായക സാന്നിധ്യമായി.
അക്‌സര്‍ പട്ടേല്‍ 29, ഹാര്‍ദിക് പാണ്ഡ്യ 18 എന്നിങ്ങനെയും സംഭാവനകള്‍ നല്‍കി. ഇന്ത്യ വിജയിക്കുമ്പോള്‍ 34 റണ്‍സുമായി കെ എല്‍ രാഹുലും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 2000ത്തില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ന്യൂസിലാന്‍ഡിനോട് തോറ്റതിന്റെ മധുരപ്രതികാരവുമായി ഇന്നത്തെ ഇന്ത്യന്‍ വിജയം. ഇന്ത്യയുടെ മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്.