രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വർദ്ധനവ് തുടരുന്നു. ഇന്ന് 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി.
കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് 14 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,943 ആണ്. . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. ദില്ലിയിൽ 2,060 സജീവ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ ആകെ 3,987 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.