വേമ്പനാട്ട് കായലില്‍ മൂന്ന് യാത്രക്കാരുമായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കെ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം.
വേമ്പനാട്ട് കായലിന്റെ ഭാഗമായ ചിത്തിര കായലിലായിരുന്നു അപകടം. ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റിലാക്സിങ് കേരള എന്ന ഹൗസ്ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അനസ് എന്നയാള്‍ ലീസിനെടുത്ത് ഓടിക്കുകയായിരുന്നു ഈ ബോട്ട്. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.