മലപ്പുറം തിരൂരിലെ ഹോട്ടലുടമയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ. കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളി എന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് എരഞ്ഞിമാവിലെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്.
സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) യുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഒളിവിൽ ആയിരുന്ന പ്രതികളെ ചെന്നൈയിൽ വെച്ചാണ് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും.
സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തിൽ തുമ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം ഹണി ട്രാപ്പാണോ എന്നടക്കം വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താനായി പൊലീസ് പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തുന്നുണ്ട് .