ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ മാധ്യമ വിലക്ക് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് ഒരു വിലക്കും ഏർപ്പെടുത്തില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനത്തിനായുള്ളതാണ് സമിതി. റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കനത്ത തിരിച്ചടികൾ നേരിടുകയാണ്. അദാനി ഗ്രൂപ്പിന്റെ ലിസ്‌റ്റ് ചെയ്‌ത 10 കമ്പനികളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ നഷ്‌ടമായത് 12 ലക്ഷം കോടി രൂപ അഥവാ 145 ബില്യൺ ഡോളറെന്നാണ് റിപ്പോർട്ടുകൾ.