തിരുവനന്തപുരം: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ അധികൃതരെ രൂക്ഷമായി വിമർശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സർക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളിൽ നിന്നും സ്‌കൂൾ അധികൃതർ പിൻമാറണം. സർക്കാരിന് മുകളിൽ ആണ് എന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഒരു അവസരം കിട്ടിയപ്പോൾ ഒരു സ്‌കൂൾ പ്രിൻസിപ്പലും മാനേജനും പിടിഎ പ്രസിഡന്റും മോശമായി സർക്കാരിനെ വിമർശിക്കാൻ മുതിരുകയാണെന്നും മന്ത്രി പറഞ്ഞു. വെല്ലുവിളിയൊന്നും സർക്കാരിനോട് വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകും എന്നും മന്ത്രി അറിയിച്ചു. നേരത്തെ ചർച്ചകളിലൂടെ പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. എന്നാൽ കത്തോലിക്ക സഭയും സ്‌കൂൾ മാനേജ്മെന്റും മന്ത്രിക്കെതിരെ സ്വരം കടുപ്പിച്ചതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്.
സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമ്പോൾ ആണ് നിലപാട് വ്യക്തമാക്കുന്നത് എന്ന് പരാമർശത്തോടെയായായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം. ശിരോവസ്ത്രം ധരിച്ച കുട്ടിയെ ക്ലാസിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി ലഭിച്ചു. അതിന്റെ ഭാഗമായി അന്വേഷണം നടത്തി അധികൃതർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇത് സാധാരണ നടപടിയാണ്. എന്നാൽ, കഴിഞ്ഞ ദിവസം കണ്ടത് വിഷയത്തെ അതിന്റെ യഥാർഥ തലത്തിൽ നിന്ന് മാറ്റി ചർച്ചയാക്കുന്നതാണ്. പ്രശ്നം പരിഹാരം കാണുന്നതിന് അപ്പുറത്ത് സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിന് വേണ്ടി സംസാരിച്ച അഭിഭാഷകയ്ക്ക് കോൺഗ്രസ് ബന്ധമാണുള്ളതെന്നും ശിവൻകുട്ടി ആരോപിച്ചു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കോ വേണ്ടിയോ രാഷ്ട്രീയ വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമിച്ചാൽ സർക്കാരിന് അനുവദിക്കാൻ കഴിയില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകും എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ സെൻറ് റീത്താസ് പബ്ലിക് സ്‌കൂൾ ഹൈക്കോടതിയെ സമീപിക്കും. സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഡിഡിഇയുടെ റിപ്പോർട്ട് ശരിയായ അന്വേഷണമില്ലാതെയാണ് സമർപ്പിച്ചതെന്ന് സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ വ്യക്തമാക്കി.
ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയെന്നും ഇത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശം ലംഘിച്ചുവെന്നും ഡിഡിഇ റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാൽ സ്‌കൂൾ കുറ്റം നിഷേധിക്കുകയായിരുന്നു. വിദ്യാർഥിക്ക് ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവകാശം ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.