കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണം എന്നും നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും, മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച് എഐ അറിയിച്ചിരുന്നത്
ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാറും വിശദീകരിച്ചു.
എന്നാല്‍, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തുടര്‍ന്ന്് ഹര്‍ജികള്‍ ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കരാര്‍പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നതിനെയടക്കമാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നത്.