കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ, നിയമിച്ചത് താത്കാലികം തന്നെയെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടതു സര്‍ക്കാരാണെന്നും നിയമനവുമായി സര്‍ക്കാരിനു മുന്നോട്ടുപോവാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചട്ടപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കിയുളള നിയമനമല്ല സിസ തോമസിന്റേത്. പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രത്യേക സാഹചര്യത്തില്‍ താത്കാലികമായി നിയമിക്കപ്പെട്ടതിനാല്‍ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാകണം ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. പട്ടിക ലഭിച്ചശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈക്കൊള്ളാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.