ശക്തമായ വേനൽ മഴയാണ് നിലവിൽ സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന 5 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ കൂടുതൽ ശക്തമായി തുടരുമെന്ന് ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇടി മിന്നല്‍ സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ് 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിനിടെ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.