രണ്ടാഴ്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത് മൂടൽ മഞ്ഞ് തുടരുകയാണ്. ജനുവരി 11 മുതൽ 15 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ്, അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ വൈകി ഓടുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഡൽഹിയിലെ പാലം മേഖലയിൽ 100 മീറ്ററും ഭോപ്പാലിലും രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 200 മീറ്ററും ദൃശ്യപരത രേഖപ്പെടുത്തി. ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ്, ഒഡീഷ, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ജനുവരി 11, 12 തീയതികളിൽ സമാനമായ അവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.