സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണ്ണറെ നീക്കുന്ന ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിട്ടേക്കുമെന്ന് സൂചന. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ബില്ലിനെ സംബന്ധിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സൂചന നൽകിയത്. താൻ കൂടി ഉൾപ്പെട്ട ബിൽ ആയതിനാൽ തന്നെക്കാൾ ഉയർന്ന അതോറിറ്റി കാര്യത്തിൽ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ഗവർണ്ണറുടെ പ്രതികരണം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് ഗവർണ്ണറെ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും നീക്കുന്ന ചാൻസലർ ബിൽ പാസാക്കിയത്. ഇത് ഉൾപ്പെടെയുള്ള ബില്ലുകൾ ഗവർണ്ണറുടെ പരിഗണനയിൽ ആയിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിൽ അയവ് വന്നതോടെ ഭൂരിപക്ഷം ബില്ലുകളിലും ഗവർണർ ഒപ്പുവച്ചു. സർവ്വകലാശാല നിയമ ഭേദഗതി ബില്‍, ലോകായുക്തയുടെ അധികാരം വെട്ടി കുറയ്ക്കുന്ന ലോകായുക്ത നിയമ ഭേദഗതി ബിൽ, ചാൻസലർ ബിൽ എന്നിവയ്ക്ക് ഗവർണ്ണർ അംഗീകാരം നൽകിയില്ല. ഈ ബില്ലുകളുടെ കാര്യത്തിൽ രാജ്ഭവൻ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്ന ചർച്ചകൾ നടക്കുമ്പോഴാണ് ഗവർണ്ണറുടെ പുതിയ നിലപാട്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
” സർവ്വകലാശാലയുടെ നടത്തിപ്പ് തന്റെ ചുമതല അല്ല. വൈസ് ചാൻസിലർ ആണ് സർവ്വകലാശാലയുടെ പ്രവർത്തനങ്ങളുടെ അമരക്കാരൻ. സർവ്വകലാശാലയുടെ സ്വയംഭരണം സംരക്ഷിക്കുകയാണ് ചാൻസലറുടെ ചുമതല. ചാൻസലർ ബില്ലിൽ തനിക്ക് തീരുമാനമെടുക്കാൻ ആകില്ല കാരണം അതിൽ താൻ കൂടി ഉൾപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെക്കാൾ ഉയർന്ന അതോറിറ്റി കാര്യത്തിൽ തീരുമാനം എടുക്കട്ടെ. അതിനാലാണ് ബില്ലിൽ ഒപ്പിടാതിരുന്നത്” എന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടൊപ്പം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഒരുവിധത്തിലും ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ ഗവർണ്ണർ നയപ്രഖ്യാപനം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.