ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികത്തിൽ മറ്റ് മുതിർന്ന പിഡിപി നേതാക്കൾക്കൊപ്പം തന്നെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി പറഞ്ഞു. 2019 ഓഗസ്‌റ്റ് 5നാണ് കേന്ദ്രം, ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികത്തിൽ ഒരു പരിപാടി നടത്താൻ മുഫ്‌തിയുടെ പാർട്ടിക്ക് ശ്രീനഗർ ഭരണകൂടം അനുമതി നിഷേധിച്ചുവെന്ന് പിഡിപി അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കിയത് സംബന്ധിച്ച് ശനിയാഴ്‌ച പൊതുജനങ്ങളെ ഉൾപ്പെടുത്തി ഒരു സെമിനാറോ ചർച്ചയോ നടത്താൻ പിഡിപി അനുമതി തേടിയിരുന്നു.
അതേസമയം, പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കലിലും കശ്‌മീരിലുടനീളം നിരവധി പാർട്ടി നേതാക്കളെ തടങ്കലിലാക്കിയതിനെയും ജമ്മു കശ്‌മീർ പീപ്പിൾസ് സെമോക്രാറ്റിക് പാർട്ടി അപലപിച്ചു.