കമ്പം ജനവാസ മേഖലയിൽ ഇറങ്ങി ഓടുന്നതിനിടെ അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്ക് ഏറ്റിരുന്നുവെന്നാണ് വിവരം. ഇദ്ദേഹം തേനി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അതിനിടെ അരിക്കൊമ്പനെ പിടിക്കാൻ അഞ്ചംഗ ആദിവാസി സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനായുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വനം വകുപ്പ് ജീവനക്കാർ ആനയെ കാര്യമായ നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം.