ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ലോകകപ്പിനോട് കാമറൂണ്‍ വിടപറഞ്ഞു. ബ്രസീലിനെ ഗോളടിപ്പിക്കാതെ പ്രതിരോധം തീര്‍ത്ത കാമറൂണ്‍ ആണ് അവസാന നിമിഷം കാനറികളെ ഞെട്ടിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍രഹിത സമനിലയായിരുന്നു. കാമറൂണ്‍. 90ാം മിനിറ്റില്‍ കാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിന്റെ അവിശ്വസനീയ ഗോളിലൂടെ ബ്രസീലിന്റെ ഗോള്‍ വല തകര്‍ക്കുകയായിരുന്നു കാമറൂണ്‍ പട. ഗോള്‍ പിറന്നതിന് പിന്നാലെ താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു.
പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങിയത്. പരുക്കേറ്റ നെയ്മറും മത്സരത്തിനിറങ്ങിയിരുന്നില്ല. ഡാനി ആല്‍സായിരുന്നു ടീമിനെ നയിച്ചത്. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുടീമുകള്‍ക്കും ഓരോ മഞ്ഞക്കാര്‍ഡ് കിട്ടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ട് ടീമുകള്‍ക്കുമായി ലഭിച്ചത് നാല് മഞ്ഞക്കാര്‍ഡുകള്‍. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്രസീലിന് 10 ഗോള്‍ ശ്രമങ്ങള്‍ സ്വന്തമായപ്പോള്‍ കാമറൂണിന് ഒരു ഗോള്‍ ശ്രമം മാത്രമാണ് തുറക്കാനായത്. ആദ്യപകുതിയില്‍ മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് ബ്രസീല്‍ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. 14ാം മിനിറ്റില്‍ ബ്രസീലിന്റെ ഉറച്ച ഗോള്‍ മുന്നേറ്റം കാമറൂണ്‍ തട്ടിയകറ്റുകയായിരുന്നു.