ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡൽഹിയിലും പട്നയിലുമായുള്ള ആറു കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004 മുതൽ 2009 വരെയുള്ള നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർത്ഥികളിൽനിന്നു ഭൂമിയും വസ്തുക്കളും തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്. ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെയാണു നിയമനങ്ങൾ നടത്തിയതെന്നും അന്വേഷണ ഏജൻസികളായ സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു.
കേസിൽ ലാലു പ്രസാദ് യാദവ്, പത്നി റാബ്റി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.