എലത്തൂർ തീവണ്ടി ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക പരിശോധന തുടങ്ങി ട്രെയിനിൽ തീയിട്ട സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എൻഐഎ നടത്തുന്നത്. കൊച്ചി, ബംഗലുരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് രാവിലെ കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. അക്രമം നടന്ന എലത്തൂരിലും സംഘം പരിശോധന നടത്തി. അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. എൻഎഎ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. റിപ്പോർട്ട് കൈമാറും.
അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ കേസ് എറ്റെടുക്കുന്നതിലെ തീരുമാനംകൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കോഴിക്കോട് നിന്നെത്തിയ ഫോറന്‍സിക് സംഘം ബോഗികളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു.
തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ ആദ്യമായാണ്. അതിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി. എലത്തൂർ ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം പൊലീസ് പരിശോധിക്കുന്നു. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും.