എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത് എന്ന് വ്യക്തമായി. മാർച്ച് 31ന് ഡൽഹിയിൽ നിന്നു കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസിൽ കയറിയ ഷാറുഖ് ഏപ്രിൽ 2ന് രാവിലെ 4.49നാണ് ഷൊർണൂരിൽ ഇറങ്ങിയത്. അതെ സമയം തീ വയ്പ്പ് കേസിൽ പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പ്രതി ഷാറൂഖ് സെയ്ഫി നൽകാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ദില്ലിയിൽ നിന്ന് കയറി ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദ്ദേശ പ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പൊലീസ് കരുതുന്നു. വൈകുന്നേരമാണ് പെട്രോൾ വാങ്ങാൻ പോയത്. റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കി 500 മീറ്റർ അകലെ ഷൊർണൂർ പരുത്തിപ്ര റോഡിനു സമീപത്തെ സ്റ്റാൻഡിൽ നിന്നാണ് ഇയാൾ പമ്പിലേക്ക് ഓട്ടോ വിളിച്ചത്. പെട്രോൾ വാങ്ങി തിരികെ ഇതേ സ്ഥലത്ത് എത്തിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നാണു ഡ്രൈവറുടെ മൊഴി.
പകൽ മുഴുവൻ പ്രതി ഷൊർണൂരിൽ എന്തു ചെയ്യുകയായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കസ്റ്റഡിയിൽ കിട്ടി ദിവസങ്ങൾ ആയിട്ടും തെളിവെടുപ്പ് വൈകുന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.