കുമളി: ശബരിമല തീർത്ഥടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു മരിച്ചവരുടെ എണ്ണം ഏട്ടായി. തമിഴ്നാട് ആണ്ടിപെട്ടി സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നിസ്വാമി (60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ്കുമാർ (43), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തേക്കടി – കമ്പം ചുരം റോഡിൽ മാതാകോവിലിനു സമീപം പാലത്തിലാണ് അപകടമുണ്ടായത്. ഒരാളുടെ നില ഗുരുതരമാണ്.
ശബരിമല ദർശനം കഴിഞ്ഞുവരുന്ന വഴിയാണ് തീർത്ഥടകർ സഞ്ചരിച്ചിരുന്ന ടവേരാ കാർ അപകടത്തിൽ പെടുന്നത്. ഹെയർ പിൻ വളവ് കയറാൻ തുടങ്ങിയ വാഹനം നേരെപോയി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മരത്തിലിടിച്ച വാഹനം നിയന്ത്രണം വിട്ട് പെൻസ്റ്റോക് പൈപ്പ് പോകുന്ന 40 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ആദ്യമെത്തിയത് കുമളിപോലീസും നാട്ടുകാരുമാണ്. കേരള, തമിഴ്നാട് പോലീസും ആഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ടര മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് വാഹനം വെട്ടിപൊളിച്ചു എല്ലാവരെയും പുറത്തെത്തിച്ചത്. ഒരുകുട്ടി ഉൾപ്പെടെ പത്തുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടി കുട്ടിയുൾപ്പെടെ പരിക്കേറ്റ രണ്ടുപേരെ കുമളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെനില ഗുരുതരമാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരത്തിലിടിച്ച വാഹനത്തിൽ നിന്ന് പെൺകുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന പച്ചക്കറി വാഹനത്തിലെ ആളുകളാണ് കുട്ടിയെ കുമളി ആശുപത്രിയിൽ എത്തിച്ചതും പോലീസിൽ വിവരം അറിയിക്കുന്നതും. മൃതദേഹങ്ങൾ കമ്പം ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടർന്ന് ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു