കൊൽക്കത്തയിലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജയിനിന്റെ വസതിയിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. വ്യാഴാഴ്ചയാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും കേന്ദ്ര ഏജൻസി പരിശോധന ആരംഭിച്ചത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന. കമ്പനിയുടെ കൊൽക്കത്തയിലെ ആറു സ്ഥലങ്ങളിലും ഡൽഹിയിലെ നാലു സ്ഥലങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു
കേന്ദ്ര ഏജൻസിയുടെ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും പാർട്ടിയുടെ ആഭ്യന്തര രേഖകളും രഹസ്യങ്ങളും കൈക്കലാക്കാനാണ് ശ്രമിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, ആഭ്യന്തര രേഖകൾ, ഭാവി പദ്ധതികൾ എന്നിവ ചോർത്താനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ബിജെപിക്ക് രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. അവർക്ക് ഞങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ അറിയണം, അതുകൊണ്ടാണ് അവർ ഐ-പാക്കിനെ ലക്ഷ്യം വെക്കുന്നതെന്ന് മമത കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ഇത്തരത്തിൽ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കത്തിലാണ് ഇ.ഡി എന്നാണ് വിവരം.പ്രശാന്ത് കിഷോർ സ്ഥാപിച്ച ഐ-പാക്, 2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. നിലവിൽ പ്രതീക് ജയിനാണ് ഐ-പാക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റെയ്ഡിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ നിയമപരമായ നടപടികളുടെ ഭാഗമായാണ് പരിശോധനയെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

