തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ് പി ഭീഷണിപ്പെടുത്തിയതായി മോൻസൺ മാവുങ്കൽ പറഞ്ഞു. കോടതിയിൽ നിന്നും കൊണ്ടു പോകും വഴി തന്നെ കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയതായും സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയതായും മോൻസൺ കോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പഴാണ് മോൻസൺ ഇക്കാര്യം പറഞ്ഞത്. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് ഡിവൈഎസ്പി നിർബന്ധിച്ചു. പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയതായി മോൻസൺ പറഞ്ഞു. മോന്‍സന്‍റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീ. ജില്ലാ സെഷൻസ് കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയത്. പല സിനിമാ താരങ്ങളും, പൊലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത് എന്നും കെ സുധാകരൻ പറഞ്ഞു.
മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്. അതേസമയം, പതിനേഴുകാരിയെ മോൻസൻ പീഡിപ്പിച്ചപ്പോൾ ആ വീട്ടിൽ സുധാകരൻ ഉണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരോപിച്ചിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.