കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ദൗത്യസംഘത്തിനു പിടികൊടുക്കാതെ കാട്ടിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആളെകൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിൽ ഇനി ഡോ. അരുൺ സഖറിയയും ചേർന്നു. ഡോ. അരുൺ സഖറിയയുടെ സാന്നിധ്യത്തിൽ ദൗത്യസംഘം ബേഗൂരിൽ യോഗം ചേർന്നു. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്.
അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. നവല്ലിക്കടുത്ത് എമ്മടിയിലാണ് ആനയുള്ളതെന്നാണ് വിവരം. കഴിഞ്ഞ അഞ്ചു ദിവസമായി പിടികൊടുക്കാതെ ദൗത്യ സംഘത്തെ വട്ടംകറക്കുകയാണ് ബേലൂർ മഖ്നയെന്ന കർണാടക മോഴയാന. നിരന്തരം സഞ്ചരിച്ചും അടിക്കാടുകളിൽ ഒളിച്ചും പിടികൊടുക്കാതെ കഴിയുന്ന കൊലയാളി ആനയെ പിടികൂടാൻ കർണാടകയിൽ നിന്നുള്ള ദ്രുതകർമ സേനയും ഇന്നലെയെത്തിയിരുന്നു.
ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ഒന്നുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്. ബേലൂർ മഖ്‌നയെ ലക്ഷ്യംവെക്കുന്ന ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിന് മുതിര്‍ന്നിരുന്നു. വെടിയുതിര്‍ത്താണ് ദൗത്യംസംഘം ആനയെ തുരത്തിയത്. മോഴ ബേലൂര്‍ മഖ്‌നയെ വിടാതെ കൂടെകൂടിയതും വനത്തിനുള്ളിലെ കുറ്റിക്കാടുകളും തന്നെയാണ് ഇപ്പോഴും വലിയ പ്രതിസന്ധിയായിരിക്കുന്നത്.