പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തിയാണ് ആദരം. കൊവിഡ് 19 പാൻഡമിക് സമയത്ത് ഡൊമിനിക്കയ്ക്ക് മോദി നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമനിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മോദി നൽകിയ പിന്തുണക്ക് കൂടിയാണ് പുരസ്കാരം നൽകുന്നതെന്ന് പ്രസിഡന്റ് സിൽവാനിയ ബുർടോൺ പറഞ്ഞു. ഗയാനയിൽ അടുത്തയാഴ്ച നടക്കുന്ന ഇന്ത്യ-കാരികോം സമ്മേളനത്തിൽവെച്ച് പുരസ്കാരം സമ്മാനിക്കുമെന്നും ഡൊമിനിക്ക അറയിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്ത് 2021 ഫെബ്രുവരിയിൽ 70,000 ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ നൽകിയിരുന്നു. ഇത് ഉൾപ്പടെയുള്ള സഹായങ്ങൾക്കാണ് പുരസ്കാരം നൽകിയത്. എന്നാൽ, ആരോഗ്യമേഖലയിൽ മാത്രമല്ലാതെ വിദ്യാഭ്യാസം, ഐ.ടി മേഖലകളിലും ഡൊമിനിക്കക്ക് സഹായം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊമിനിക്കയുടെ ഒരു യഥാർഥ പങ്കാളിയാണ്. ആരോഗ്യ അടിയന്തരാവസ്ഥയുടെ സമയത്ത് മോദി ഞങ്ങൾക്ക് സഹായമെത്തിച്ചു. അതുകൊണ്ടാണ് പുരസ്കാരം നൽകാൻ തീരുമാനിച്ചതെന്ന് ഡൊമനിക്കയുടെ പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയേയും ആഗോള തലത്തിൽ കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
തുടർന്നും ഇരുരാജ്യങ്ങളുടേയും പുരോഗതിക്കായി പരസ്പരം സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പ്രസ്താവന പ്രകാരം പുരസ്കാര ക്ഷണം മോദി അംഗീകരിച്ചിട്ടുണ്ട്. ഡൊമിനിക്കയുടെ വികസനത്തിനായി ഇനിയും പ്രവർത്തിക്കാൻ തയാറാണെന്നും മോദി കൂട്ടിച്ചേർത്തു. ഡൊമിനിക്കയുമായും കരീബിയയുമായും പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.