ദില്ലി: വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. . നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘ഗുരുതര’മായ സാഹചര്യത്തില്‍, ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ 4 പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചെറിയ കുട്ടികള്‍ക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംതരത്തിനു മുകളിലേക്കുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നടക്കും. എന്നാല്‍, കായിക പരിപാടികള്‍ക്കടക്കം ക്ലാസിനു പുറത്തിറങ്ങാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
അന്തരീക്ഷ വായു മലിനീകരണം വടക്കേന്ത്യയിലാകെയുള്ള പ്രശ്‌നമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ഡല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.