മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി നെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. കേസിൽ തെറ്റായ മൊഴികൾ നൽകുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും അവരുടെ മൊഴികളുടെ ശബ്ദരേഖകൾ ഇഡി നശിപ്പിക്കുകയും ചെയ്‌തെന്നും എഎപിയെ നിശബ്ദമാക്കുന്നതിന് നേതാക്കൾക്കെതിരെ മനഃപൂർവം ഇഡി റെയ്ഡുകൾ നടത്തുകയാണെന്നും അതിഷി പറഞ്ഞു.
ആരോപണത്തെ തുടർന്ന് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആലോചിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. ശബ്ദരേഖകൾ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.
ഇഡിക്കെതിരായി വെളിപ്പെടുത്തൽ താൻ നടത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി പലതവണ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അതിഷിയുടെ ആരോപണം. അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറിന്റെയും ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ള ചിലരുടെയും സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.