മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദുമന്ദിറിൻ്റെ സമർപ്പണ ചടങ്ങിനായി യു.എ.ഇ.യിലെത്തിയ ബാപ്സ് മുഖ്യ പുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ.ഭരണകൂടം അബുദാബിയിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.
ഗുജറാത്തിലെ സൂറത്തിൽ നിന്നും പ്രത്യേക വിമാനത്തിൽ അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ഉന്നത ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. യു.എ.ഇ.യുടെ പരമ്പരാഗത വാദ്യഘോഷങ്ങളുടെയും നൃത്തത്തിൻ്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം
ഫെബ്രുവരി 14ന് ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. അബുദാബി ദുബായി ഹൈവെയിലെ അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രസിഡന്‍റും 2015ൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവന നൽകിയത്. മന്ദിരം നിർമിക്കാൻ ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് സഹിഷ്ണുതാവർഷമാചരിച്ച 2019 ജനുവരിയിൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. യുഎഇ ഭരണാധികാരികളുടെ സ്നേഹവും ആദരവും ഹൃദയസ്പർശിയാണെന്ന് സ്വാമി മഹന്ത് പറഞ്ഞു.