രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അടുത്തമാസം 8 ന് അറിയാം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാന് തീയതി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും.
ദില്ലിയിൽ 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ടർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. എങ്ങനെയും ഭരണം പിടിക്കാനുള്ള നീക്കമാണു ബിജെപിയുടേത്. ഇക്കുറി പോരാട്ടം കടുക്കും എന്നാണ് അറിയുന്നത്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി (ആം ആദ്മി പാർട്ടി). ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിനിന്നു മത്സരിച്ച കോൺഗ്രസും എഎപിയും ഇത്തവണ നേർക്കുനേർ പോരാടുകയാണ്.
100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു. അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ.
കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണല്‍ നടന്നു. 16ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി.