കേന്ദ്ര സർക്കാരിനെതിരായ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയത്തിൽ ചർച്ച അടുത്തയാഴ്ച നടക്കും.
എട്ട് മുതൽ പത്ത് വരെയാണ് പാർലമെന്‍റില്‍ ചർച്ച നടക്കുക. വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം മുതല്‍ മണിപ്പൂർ കലാപത്തില്‍ ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ആവശ്യം അംഗീകരിക്കാഞ്ഞതോടെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പത്താം തിയ്യതി മറുപടി പറയും.
കേവല ഭൂരിപക്ഷമുള്ള മോദി സർക്കാരിന് അവിശ്വാസ പ്രമേയത്തില്‍ ആശങ്കയില്ല. എന്നാല്‍ ‘ഇന്ത്യ സഖ്യം’ രൂപികരിച്ച ശേഷമുള്ള ആദ്യ അവിശ്വാസ പ്രമേയമായതിനാല്‍ പ്രതിപക്ഷ ഐക്യത്തിൻറെ ശക്തി വെളിപ്പെടുത്തുന്നതാകും പ്രമേയത്തിലെ വോട്ടെടുപ്പ്.
‘ഇന്ത്യ സഖ്യ’ത്തിനായി കോണ്‍ഗ്രസ് ലോക്സഭ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗോഗോയ് നല്‍കിയ അവിശ്വാസ പ്രമേയത്തെ ടിഎംസിയും ബിആർഎസും ഇടത് പാര്‍ട്ടികളും പിന്തുണച്ചു. മണിപ്പൂര്‍ വിഷയത്തിന്മേൽ സഭയില്‍ സംസാരിക്കാതിരിക്കുന്ന നരേന്ദ്ര മോദിയെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ സഭയിലെത്തിക്കാമെന്നത് കണക്കുകൂട്ടിയാണ് പ്രമേയം കൊണ്ടുവരുന്നത്. 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ 126 നെതിരെ 325 വോട്ടുകള്‍ക്ക് അത് പരാജയപ്പെട്ടത്.