ഇന്തൊനീഷ്യയിലെ ദ്വീപായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 271 പേര് മരിച്ചതായാണ് കണക്കുകൾ പുറത്തുവരുന്നത്. 2043 പേരാണ് പരുക്കേറ്റ് ആശുപത്രിയിലായത്. ഇതിൽ 300 പേരുടെ നില ഗുരുതരമാണ്. ആശുപത്രികൾ നിറഞ്ഞതിനാൽ പുറത്ത് ടെന്റുകളിലാണ് ചികിത്സ നൽകുന്നത്. ഭൂകമ്പത്തെ അതിജീവിച്ച 58,000 പേരെ ടെന്റുകളിലും മറ്റുമാണ് പാർപ്പിച്ചിരിക്കുന്നത്. 151 പേരെ ഇനിയും കണ്ടെത്താനുണ്ട്. കെട്ടിടങ്ങൾക്ക് അടിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ടോടെയുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിയാൻജുർ നഗരത്തെ ശവപ്പറമ്പാക്കി. കെട്ടിടങ്ങൾ തകർന്നതിനു പുറമേ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി റോഡുകൾ തകർന്നു. ഇതു രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. ഫോൺ ബന്ധങ്ങളും വിഛേദിക്കപ്പെട്ടു. ഭൂകമ്പത്തിൽ സിയാൻജുർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശമുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ 12,000 സൈനികരെ കൂടി നിയോഗിച്ചു. തുടർചലനങ്ങളും മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വിദൂര പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ ഇനിയും എത്തിയിട്ടില്ല