തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെയുള്ളതാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുള്‍പ്പെടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കുന്ന കാര്യം ഡിജിപി തീരുമാനിക്കും.
നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്നിട്ട് ഒന്നരയാഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട്. വ്യാജമെന്ന് മേയർ മൊഴി നൽകുമ്പോഴും കത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല. ഈ ആഴ്ച കത്തുമായി ബവന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നാളെ ചേരുന്ന കോർപറേഷൻ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും. കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമന പട്ടിക ഇനിയും പുറത്ത് വരുമെന്നും മേയർ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കോർപറേഷൻ ഓഫീസിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാൽ മേയർ രാജിവെക്കുന്ന പ്രശ്നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും.