നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ പൊതുയോഗങ്ങളിലെ ആൾക്കൂട്ടം എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ. ഒപ്പം മുസ്ലിം ലീഗും കോൺഗ്രസും ഉണ്ട്. അതിലെ രണ്ട് പ്രബല വിഭാഗങ്ങളാണ് എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും. ഇവരുടെ പിന്തുണയാണ് അൻവറിന് കിട്ടുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആരൊക്കെ കൊമ്പുകുലുക്കി വന്നപ്പോഴും നേരിട്ടത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ആ പ്രതിരോധം തുടരണമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.
സിപിഎമ്മിനും സർക്കാരിനും എതിരെ വലിയ കടന്നാക്രമണം നടക്കുന്നു. അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറി. എഡിജിപിക്ക് എതിരെ ഉൾപ്പെടെയുളള ആക്ഷേപങ്ങൾ പരിശോധിക്കുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി.വി അൻവർ എംഎൽഎ. മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിൽ നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിവെച്ചത്.
“അടുത്ത രണ്ടുദിവസത്തെ എല്ലാ പ്രോഗ്രാമുകളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണ്. വരും ദിവസത്തെ കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റായി ഇടുന്നതായിരിക്കും. ഇതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നു” പിവി അൻവർ ഫേസ്ബുക്കിലെ വീഡിയോയിൽ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷമാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ സന്ദേശം പുറത്തുവന്നത്.