കൊവിൻ ആപ്പിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വിവരങ്ങൾ സുരക്ഷിതമാണെന്നും വിവരങ്ങൾ ചോർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇപ്പോൾ പുറത്ത് വന്നത് മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങളാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്തെ പൗരന്മാർ വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങൾ പുറത്തായതായാണ് വാർത്ത പരന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവര ചോർച്ച അതീവ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തു. അതിനാൽ കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.