ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ് നല്‍കാന്‍ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ. നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്. കരിമ്പട്ടികയിൽ പെടുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയില്‍ ചേക്കാനും, അയൽരാജ്യങ്ങളില്‍ നിന്നുള്ളപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും, തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്തും എന്നതായിരുന്നു ഈ പ്രമേയത്തില്‍ ഇന്ത്യന്‍ നിലപാട്.
വോട്ടെടുപ്പിന്റെ വിശദീകരണം നൽകിക്കൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇന്ത്യന്‍ ഭാഗം വിശദീകരിച്ചത് ഇങ്ങനെയാണ്. “ഭീകര ഗ്രൂപ്പുകൾ അത്തരം മാനുഷികമായ ഇളവുകള്‍ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും 1267 ഉപരോധ സമിതിയെ അടക്കം കളിയാക്കുന്ന അവസ്ഥയുണ്ടാക്കും. ഇത്തരത്തില്‍ ഭരണകൂടങ്ങളെ ഇളിഭ്യരാക്കുന്ന സംഭവങ്ങളില്‍ നിന്നാണ് ഇന്ത്യ ആശങ്ക ഉയര്‍ത്തുന്നത്.”- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. പാക്കിസ്ഥാനെയും അതിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെയും പരോക്ഷമായി ഇന്ത്യന്‍ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പരാമര്‍ശിച്ചു.