തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തിരുവാര്‍പ്പില്‍ ബസിന് മുന്നില്‍ കൊടികുത്തിയ സംഭവത്തില്‍ ഉടമ രാജ്‌മോഹന്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ നടത്തി വന്ന സമരവും പോലീസും സിഐടിയു സംഘടനയുമായി നടന്ന ചര്‍ച്ചയോടെ അവസാനിപ്പിച്ചിട്ടുണ്ട്. നാളെ തൊഴില്‍ മന്ത്രിയുമായി വിഷയത്തില്‍ ഇരു കൂട്ടരും ചര്‍ച്ച നടത്തും.
പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പോലീസ് സമരപ്പന്തല്‍ അഴിച്ചുമാറ്റുകയും ബസ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടർന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനമേറ്റത്. ബസുടമ രാജ്മോഹനെയാണ് സിഐടിയു നേതാവ് മർദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.
ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല.

