ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസം പിറന്നു.
ഇന്ന് ചിങ്ങം ഒന്ന്. ഓർമ്മകളിലൂടെ വറുതിയുടെ കര്‍ക്കടകം പിന്നിട്ട് വിവിധ കാര്‍ഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്കാണ് ഇനി മലയാളികൾ നീങ്ങുന്നത്. മലയാളികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം. കര്‍ക്കടകത്തിന്റെ വറുതിയില്‍ നിന്ന് സമൃദ്ധിയുടെ ദിനങ്ങളിലേക്കുളള വാതിലാണ് ചിങ്ങം. ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.
ഇന്ന് കര്‍ഷക ദിനംകൂടിയാണ്. മണ്ണില്‍ വിയര്‍പ്പ് കൊണ്ട് പൊന്നുരുക്കിയെടുക്കുന്ന കര്‍ഷകരുടെ ദിനം. കാലാവസ്ഥാമാറ്റത്തിലും പ്രതീക്ഷകൈവിടാതെ ഓരോ കർഷകനും മണ്ണറിഞ്ഞ് വിളവിറക്കി കൊയ്തെടുക്കുന്ന കാലം. ഇന്ന് പത്തായം നിറക്കുന്നതിന്റെ ഓർമ്മകൾ കൂടിയാണ് ചിങ്ങം ഒന്ന്. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളി ആഘോഷങ്ങളുടെ പൊലിമ കുറയാതെ കാക്കുകയും ചെയ്യും. ഓർമ്മകളിൽ കര്‍ക്കിടകത്തിന്‍റെ വറുതിയുടെ നാളുകള്‍ മറന്ന് പൊന്നിന്‍ ചിങ്ങമാസത്തെ വരവേല്‍ക്കുന്ന ചിങ്ങം ഒന്ന്
ഇന്നലെ സന്ധ്യയോടെ ഒരു മാസത്തെ രാമായണ മാസാചരണം അവസാനിച്ചു. രാമായണ മാസത്തിന്‍റെ സമാപന ദിവസമായിരുന്നു ശനിയാഴ്ച.കര്‍ക്കിടകത്തിലെ തിരുവോണമായ പിള്ളെരോണവും ഇന്നലെ ആയിരുന്നു. ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പ്രത്യേക പൂജ നടന്നു.മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി. ചിങ്ങം വിഷ്ണുവിന് പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ ഓണവും ഇതേ മാസത്തിലാണ്.
ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്ച അത്തമെത്തും. ഞായറാഴ്ച ക്ഷേത്രങ്ങളില്‍ പ്രത്യേക വിനായക പൂജകളും മഹാഗണപതി ഹോമവും നടക്കും. ഞായറാഴ്ച അത്തമെത്തുന്നതോടെ തുടര്‍ന്നുള്ള പത്തുദിവസം മലയാളിക്ക് ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികള്‍ സജീവമായി. മലയാളി സദ്യവട്ടങ്ങൾക്കും ഓണക്കോടികൾക്കും മറ്റുമായി വാരിക്കോരി പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്. അന്യസംസ്ഥാനങ്ങളിലുള്ള കച്ചവടക്കാരുപോലും ഓണക്കാലത്തെ കച്ചവടത്തിനായി കേരളത്തിൽ എത്തുന്നുണ്ട്.