അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അമേക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. അമേക്കയിൽ നിന്ന് കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10% വർദ്ധിപ്പിക്കും.
ട്രംപ്, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25% തീരുവ ചുമത്തി, അതേസമയം നിലവിലുള്ള തീരുവകൾക്ക് പുറമേ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% അധിക തീരുവ വർദ്ധിപ്പിച്ചു. അമേരിക്കയുടെ വ്യാപാര ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന. എന്നാൽ ഇത്തരമൊരു കടുത്ത നീക്കം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ചൈനയ്ക്കെതിരായ മത്സരം ഒരു പ്രധാന വിദേശനയ പോയിന്റായി കാണുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാനമായ നീക്കത്തിന് പിന്നാലെയാണ് ചൈന പുതിയ താരിഫുകളും വ്യാപാര നിയന്ത്രണങ്ങളും അമേരിക്കയ്ക്ക് എതിരെ പ്രഖ്യാപിച്ചത്. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും മൂലമുണ്ടാകുന്ന ദേശീയ അടിയന്തിരാവസ്ഥയെ നേരിടാന്‍ തന്റെ അടിയന്തിര അധികാരം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ചൈനയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10% അധിക തീരുവ ചുമത്താന്‍ ട്രംപ് ഉത്തരവിട്ടു.
ചൊവ്വാഴ്ച പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ചൈനീസ് സര്‍ക്കാര്‍ പ്രതികരിച്ചത്. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനം തീരുവയും, അസംസ്‌കൃത എണ്ണ, കാര്‍ഷിക യന്ത്രങ്ങള്‍, ചില വാഹനങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം തീരുവയും ചൈന പ്രഖ്യാപിച്ചു.
ട്രംപിന്റെ തീരുമാനം ‘ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിയമങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതാണെന്നും’ ‘ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര സഹകരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും’ അവര്‍ പറഞ്ഞു. ടങ്സ്റ്റണ്‍, ടെല്ലൂറിയം, ബിസ്മത്ത്, മോളിബ്ഡിനം, ഇന്‍ഡിയം എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് ലൈസന്‍സിംഗ് വ്യവസ്ഥയും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടി ‘ദേശീയ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കും’ എന്ന അമേരിക്കയെ പ്രത്യേകം പരാമര്‍ശിക്കാതെ വാണിജ്യ മന്ത്രാലയം പറഞ്ഞു.