മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുട്ടികള്‍ ചുമമരുന്ന് കഴിച്ച് മരണപ്പെട്ട സംഭവത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ഡ്‌റിഫ് നിര്‍മാതാക്കളുടെ വസതികള്‍ ഉൾപ്പെടെ ഏഴ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച റെയ്ഡ് നടത്തി. കോള്‍ഡ്‌റിഫ് കഫ്‌സിറപ്പ് നിര്‍മാതാക്കളായ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കൽസിന്റെ ഉടമ എസ്. രംഗനാഥന്റ വസതി ഉള്‍പ്പെടെ ഏഴിടത്താണ് ഇഡി പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് റെയ്ഡ്. ഇതിന് പുറമെ തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡ് നടത്തി.
വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത് 20 കുട്ടികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ രംഗനാഥന്‍ അറസ്റ്റിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസില്‍ നിന്നുള്ള സംഘങ്ങള്‍ ചെന്നൈയിലും കാഞ്ചീപുരത്തും എത്തിയിരുന്നു. ഇതിന് ശേഷം ചെന്നൈയില്‍ നിന്നാണ് രംഗനാഥനെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 105, 276 വകുപ്പുകള്‍ പ്രകാരവും 27A ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
തമിഴ്‌നാട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍(ടിഎന്‍എഫ്ഡിഎ)നിന്ന് 2011ലാണ് ശ്രീസാന്‍ ഫാര്‍മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. മോശം അടിസ്ഥാന സൗകര്യങ്ങളും ദേശീയ മരുന്ന് സുരക്ഷാ നിയമങ്ങളുടെ ഒന്നിലധികം ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും ഒരു ദശാബ്ദത്തിലേറെയായി പരിശോധനകളൊന്നും കൂടാതെയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.