വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാളെ യു എസിലേക്കു പോകും. ദുബായ് വഴി യു എസിൽ എത്തുന്ന മുഖ്യമന്ത്രി യുഎസ്, ക്യൂബ സന്ദർശനത്തിനു ശേഷം 19നു പുലർച്ചെ മടങ്ങിയെത്തും. സ്പീക്കർ എ.എൻ.ഷംസീർ സ്പീക്കർക്ക് ഒപ്പം ഭാര്യ, മകൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല, വിവിധ വകുപ്പു സെക്രട്ടറിമാർ, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ലോകകേരളസഭയുടെ സമ്മേളനം 10ന് രാവിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ ഉദ്ഘാടനം ചെയ്യും. ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്നു വൈകിട്ട് ടൈംസ് സ്ക്വയറിൽ നടക്കുന്ന സമ്മേളനത്തിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 14ന് ന്യൂയോർക്കിൽനിന്നു ഹവാനയിലേക്കു തിരിക്കും. 15, 16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
മന്ത്രി വീണാ ജോർജ് ക്യൂബ സന്ദർശനത്തിനായി മുഖ്യമന്ത്രിക്ക് ഒപ്പം ചേരും. ക്യൂബയിൽനിന്നു ന്യൂയോർക്ക്, ദുബായ് വഴി മുഖ്യമന്ത്രി 19 ന് തിരികെ എത്തും.