കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊല്ലം നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തുകയും തുടർന്നുണ്ടായ നാടകീയസംഭവങ്ങൾക്കുമൊടുവിൽ ഗവർണ്ണർക്ക് കേന്ദ്രസുരക്ഷ ഒരുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടുo. 24 മണിക്കൂറും ആഴ്ചയിലെ ഏഴ് ദിവസവും സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും. 2022 വരെ 45 പേർക്കാണ് രാജ്യത്ത് Z പ്ലസ്. രാഹുൽ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.
കൊല്ലം നിലമേലിൽ ആണ് എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ റോഡരികിൽ തന്നെ ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുെടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ഗവർണർ പ്രതിഷേധിച്ചു. പൊലീസിനോടും ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ഗവർണർ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. 17 ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെതുടര്‍ന്ന് കൂടുതൽ പൊലീസുകാർ നിലമേലിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദ്ദേശം നല്‍കി. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിന്‍റെ എഫ്ഐആര്‍ കാണിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയില്ല എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.