ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. പ്രത്യേക മേഖലകൾക്കോ മറ്റു പദ്ധതികൾക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് ഇത്തരത്തിൽ അനുവദിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്.
കർണാടകത്തിന് 72 കോടിയും തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കൂടാതെ, അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയാണ് തീരുമാനമെടുത്തത്. തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിൽ സംസ്ഥാനസർക്കാരിന് തീരുമാനമെടുക്കാം. ഈ വർഷം വിവിധ സംസ്ഥാനങ്ങൾക്കായി 21476 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ദുരന്ത പ്രതിരോധ പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും 115.67 കോടി രൂപ അനുവദിച്ചു. ഏഴ് നഗരത്തിൽ പ്രളയ ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേരത്തെ 3075.65 കോടി രൂപ ഇതേ സമിതി അനുവദിച്ചിരുന്നു. വയനാട് പുനരധിവാസത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് നേരത്തേ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.