ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്ക്കിടയിലെ സുരക്ഷാ വീഴ്ചകളെ മുൻനിർത്തി രാഹുൽ ഗാന്ധിക്ക് കേന്ദ്ര സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച യാത്ര കാശ്മീരിൽ പ്രവേശിക്കാനിരിക്കെയാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയോടൊപ്പം ആൾക്കൂട്ടം ഉണ്ടാവരുതെന്നും പ്രദേശത്തിന്റെ ചില ഭാഗങ്ങളിലുള്ള യാത്ര കാറിൽ ആക്കണമെന്നും ഏജൻസികളുടെ മുന്നറിയിപ്പുണ്ട്.
അതേസമയം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര കടന്നു പോകുന്നിടത്തെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഇപ്പോൾ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ജോഡോ യാത്രയ്ക്കിടയിൽ ഉണ്ടായ പല സുരക്ഷാ വീഴ്ചകളെയും മുൻനിർത്തിയാണ് കോൺഗ്രസ് കേന്ദ്രത്തോട് രാഹുൽ ഗാന്ധിക്ക് കൂടുതൽ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടത്. യാത്ര ഇപ്പോൾ പഞ്ചാബിലാണ് ഉള്ളത്. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു. . ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും