നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊച്ചിയിലെ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. പരാതി നൽകിയ ശേഷം സർക്കാരിൽ വലിയ വിശ്വാസമുണ്ടെന്നും അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും നടി പ്രകതികരിച്ചു. ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുകേഷ് എം എൽ എ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയാണ് പരാതികൾ. ഇതിൽ ജയസൂര്യക്കെതിരായ പരാതിയിൽ മാത്രമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.