മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ എൻ. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയാണ് എൻ. സുബ്രഹ്‌മണ്യൻ. കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ (BNS 192, കേരള പോലീസ് ആക്ട് 120) ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സുബ്രഹ്‌മണ്യന്റെ പോസ്റ്റ്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍.സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു
പ്രചരിപ്പിക്കപ്പെട്ട ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജമാണെന്ന് ആരോപിച്ചാണ് ചേവായൂർ പോലീസ് നടപടി സ്വീകരിച്ചത്. ചോദ്യം ചെയ്യാൻ ഹാജരാകാത്തതിനെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പൊലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും പോസ്റ്റ് പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ളതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച സുബ്രഹ്‌മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെ ഈ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

