ബഫർ സോൺ വിധിയിൽ സുപ്രീംകോടതി ഇളവ് വരുത്തി. സംരക്ഷിത വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് ചുറ്റുമായി ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോണുകൾക്കുള്ളിൽ നിലവിലുണ്ടായിരുന്ന വികസനത്തിനുള്ള സമ്പൂർണ്ണ നിരോധനം സുപ്രീം കോടതി ബുധനാഴ്‌ച നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്ന് കോടതി വ്യക്‌തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ പരിസ്ഥിതിലോല മേഖലകളിലെ വികസനത്തിന് കോടതി സമ്പൂർണ്ണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആ ഉത്തരവാണ് ഇപ്പോൾ പരിഷ്‌കരിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളിൽ വികസനം പൂർണ്ണമായി നിരോധിക്കാനാവില്ലെന്ന് ഈ മാസം ആദ്യം കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.