കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷയില്ലെന്ന് സുപ്രിംകോടതി. പ്രസംഗിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും കോഴ വാങ്ങുന്ന എംപിമാർക്കോ എംഎൽഎമാർക്കോ പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകിയ 1998ലെ വിധി സുപ്രിംകോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചിന്റെ വിധി അത്യന്തം അപകടകരമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. പരിരക്ഷ നൽകിയതിൽ നിയമനിർമാണ സഭയിലെ കൂട്ടായ പ്രവർത്തനത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കാൻ അനുവദിച്ച 1998 ലെ വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായ വിധി പ്രസ്താവിച്ചത്.
വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് കോടതി വിധിച്ചു. 1998ലെ പി.വി.നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഇന്ന് റദ്ദാക്കിയത്. 1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സുപ്രീംകോടതിയുടെ നിർണായക വിധി. തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷൻ ഒന്നിലധികം സംസ്ഥാനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 13ന് മുമ്പ് സംസ്ഥാന സന്ദർശനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.